മാലി: മാലദ്വീപിലേക്ക് ഇന്ത്യക്കാരെ ക്ഷണിച്ച് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ. ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് ഇടപെടൽ. ടൂറിസത്തെ ആശ്രയിക്കുന്ന മാലദ്വീപിന്‍റെ സമ്പദ് വ്യവസ്ഥയെ, അവിടം സന്ദർശിച്ച് സഹായിക്കൂ എന്നാണ് അഭ്യർത്ഥന. മാലദ്വീപും ഇന്ത്യയും തമ്മിലുള്ള വർഷങ്ങളായുള്ള ബന്ധത്തെക്കുറിച്ച് ഇബ്രാഹിം ഫൈസൽ ഊന്നിപ്പറഞ്ഞു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാലദ്വീപ് സർക്കാരും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ടൂറിസം മന്ത്രി പറഞ്ഞു- "ഞങ്ങൾ എല്ലായ്പ്പോഴും സമാധാനവും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ ജനങ്ങളും സർക്കാരും ഇന്ത്യക്കാരുടെ വരവിനെ ഊഷ്മളമായി സ്വാഗതം ചെയ്യും. ടൂറിസം മന്ത്രി എന്ന നിലയിൽ മാലിദ്വീപിന്‍റെ വിനോദസഞ്ചാരത്തിന്‍റെ ഭാഗമാകാൻ ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ സമ്പദ്‌വ്യവസ്ഥ ടൂറിസത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്"
ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ നാല് മാസങ്ങളിൽ 42 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 73,785 ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിൽ എത്തിയിരുന്നു. ഈ വർഷം എത്തിയത് 42,638 പേർ മാത്രമാണ്. മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം, ഈ വർഷം ഏപ്രിൽ വരെ 6,63,269 വിനോദസഞ്ചാരികള്‍ എത്തി. 71,995 പേർ ചൈനയിൽ നിന്നുള്ളവരാണ്, യുകെ (66,999), റഷ്യ (66,803), ഇറ്റലി (61,379), ജർമ്മനി (52,256) എന്നീ രാജ്യക്കാരാണ് തൊട്ടുപിന്നിൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 6 ന് ലക്ഷദ്വീപിൽ നിന്നുള്ള ഫോട്ടോകളും വീഡിയോയും പോസ്റ്റ് ചെയ്തതിന് പിന്നാലെ മാലദ്വീപിലെ മന്ത്രിമാർ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. പിന്നാലെയാണ് മാലദ്വീപിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞത്. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ ഇന്ത്യൻ സൈനികരെ രാജ്യത്തു നിന്ന് പിൻവലിക്കാനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിൽ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഇത്. ഇന്ത്യൻ സൈനികരുടെ സാന്നിധ്യം തന്‍റെ രാജ്യത്തിന്‍റെ പരമാധികാരത്തിന് ഭീഷണിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തെ ബാധിച്ചു